Home » Showbiz » Film News » “അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം; മീസിൽസും റുബല്ലയും ചരിത്രമാകട്ടെ”: മോഹന്‍ലാല്‍

“അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം; മീസിൽസും റുബല്ലയും ചരിത്രമാകട്ടെ”: മോഹന്‍ലാല്‍

മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ മോഹന്‍ലാല്‍. മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ഇതിനു നേരെ കണ്ണടച്ച് കളയരുതെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാലിന്റെ  ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു:

രോഗങ്ങൾ, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും കാണാം.

ഒരു മാസമായി കേരളത്തിൽ നടന്നു വരുന്ന മീസിൽസ്‌-റുബെല്ല കുത്തിവെപ്പിനെ കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതൽ പത്താം ക്ലാസ്‌ വരെയുള്ള കൊച്ചു മിടുക്കൻമാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്‍കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത്‌ എന്നെന്നേക്കുമായി നമുക് തടയാൻ കഴിയൂ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട്‌ കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത്‌ ശതമാനത്തിന്‌ മീതേ മാത്രമായി മടിച്ചു നിന്നു?

മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട്‌ മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരത്തിന്‌ നേരെ നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്‌?

അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തിൽ നിന്നും ഈ രണ്ട്‌ മാരകരോഗങ്ങളെ വേരോടെ പിഴുത്‌ കളയുന്ന ഈ യജ്‌ഞത്തിൽ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത്‌ നമ്മുടെ കടമയും അവരുടെ അവകാശവുമാണ്‌.

പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ. മീസില്‍സ് – റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നൽകാത്തവർ ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രധിരോധ കുത്തി‌വയ്‌പ് നൽകണം. മീസിൽസും റുബല്ലയും ചരിത്രമാകട്ടെ…

Share:

Leave a Reply

Your email address will not be published. Required fields are marked *

*