Home » News » മൊബൈൽ കണക്ഷൻ മാറാൻ ഇനി 2 ദിവസം മാത്രം കാത്തിരുന്നാൽ മതി

മൊബൈൽ കണക്ഷൻ മാറാൻ ഇനി 2 ദിവസം മാത്രം കാത്തിരുന്നാൽ മതി

ദില്ലി: മൊബൈല്‍ നമ്പര്‍ മാറാതെ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന ‘പോര്‍ട്ടിങ്’ പ്രക്രിയ കൂടുതല്‍ ലളിതമാക്കി ടെലികോം നിയന്ത്രണ സംവിധാനമായ ‘ട്രായ്’. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ സേവനം ലഭിക്കാന്‍ വൈകുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് പരിഹാരിക്കാനായിട്ടാണ് ട്രായിയുടെ നടപടി. നിലവില്‍ ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ് എം എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.

അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എം എന്‍ പി സേവനദാതാവിനെ (പഴയ ഓപ്പറേറ്ററുമായും പുതിയ ഓപ്പറേറ്ററുമായും നിങ്ങളെ ബന്ധിപ്പിക്കുന്നത് എംഎന്‍പി സര്‍വീസ് പ്രൊവൈഡറാണ്- എം എന്‍ പി എസ് പി) അറിയിക്കുന്നു.  പഴയ ഓപ്പറേറ്റര്‍ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എം എന്‍ പി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങാനും സാധിക്കും. ഈ നടപടികള്‍ക്ക് ശേഷമേ നിലവില്‍ പുതിയ സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുമായിരുന്നുള്ളൂ.

ഇനിമുതല്‍, പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എം എന്‍ പി എസ്പിയുടേതാവും. പുതിയ ഓപ്പറേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ എം എന്‍ പി എസ്പി ഈ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി ഒരു നെറ്റ്‌വര്‍ക്ക് സര്‍ക്കിളിനുള്ളിലുള്ള സേവനദാതാക്കള്‍ തമ്മില്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറുന്നതിനുള്ള കാലതാമസം  ഇല്ലാതാവുന്നു. അതേസമയം, ജമ്മു-കശ്മീര്‍, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി 15 ദിവസത്തില്‍ നിന്നും നാല് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്

Share:

Leave a Reply

Your email address will not be published. Required fields are marked *

*