Home » News » Kerala » തോമസ് ചാണ്ടി രാജിവെച്ചു; ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചു

തോമസ് ചാണ്ടി രാജിവെച്ചു; ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചു

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ വഴി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചു.

എൻസിപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം ഇന്ന് ചേർന്ന എൻസിപി സംസ്ഥാന നേതൃയോഗത്തിലാണ് തോമസ് ചാണ്ടി രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. രണ്ട് മണിയോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളെ കണ്ടു.

സിപിഐ ശക്തമായ നിലപാടില്‍ ഉറച്ച് നിന്നതോടെ ചാണ്ടിയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവസാന നീക്കം പൊളിഞ്ഞു. ഉപാധികളോടെയാണോ രാജിയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യം പറയാനാകില്ലെന്ന് എ കെ ശശീന്ദ്രൻ എംഎൽഎയും പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം മാറിനിൽക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങൾ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ സന്നദ്ധനാണ്. സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കി.

കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോർട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് ചാണ്ടിയുടെ രാജി നിർബന്ധിതമായത്. സർക്കാരിനെതിരെ മന്ത്രി തന്നെ ഹർജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമുന്നിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമുയർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത തോമസ് ചാണ്ടി അറിയിച്ചത്. തോമസ് ചാണ്ടിക്ക് പകരക്കാരനായി എ കെ ശശീന്ദ്രൻ എത്തുമോയെന്നതാണ് അറിയാനുള്ളത്.

കോടതി ഉത്തരവ് ഉണ്ടായിട്ടും തോമസ് ചാണ്ടി രാജി വെക്കാത്തത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലേയെന്നും തോമസ് ചാണ്ടി ഒരു ധനാഢ്യനായത് കൊണ്ടാണ് രാജി വെപ്പിക്കാന്‍ കഴിയാത്തതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നണി സംവിധാനത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ധനാഢ്യന്റെ കാര്യമൊന്നും പറയണ്ട. അദ്ദേഹം വിദേശത്ത് പോയി പണമുണ്ടാക്കിയതാണ്. അതിന് ഇതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി പ്രശ്‌നത്തേക്കാള്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം.

Share:

Leave a Reply

Your email address will not be published. Required fields are marked *

*