Home » More » Education » ഉത്തരക്കടലാസ് സ്‌റ്റോക്കില്ല; അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി

ഉത്തരക്കടലാസ് സ്‌റ്റോക്കില്ല; അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി

കോഴിക്കോട്:അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി. ഉത്തരക്കടലാസ് സ്‌റ്റോക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിയത്. ഇന്നുമുതല്‍ 17 വരെ നടക്കേണ്ട പരീക്ഷകളാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിന്റെ അനാസ്ഥ കാരണം മാറ്റിവയ്‌ക്കേണ്ടിവന്നത്. അഞ്ചര ലക്ഷം കുട്ടികളാണ് ഇതോടെ വെട്ടിലായത്.

ഇന്നും നാളെയും നടക്കേണ്ട റഗുലര്‍/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ് ഓപ്പണ്‍കോഴ്‌സ് പരീക്ഷകളും 16, 17 തീയതികളില്‍ നടത്താനിരുന്ന റഗുലര്‍/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എസ്‌സി., ബി.എസ്‌സി. ഇന്‍ എ.എല്‍.പി, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു, ബി.വി.സി, ബി.എ അഫ്‌സലുല്‍ ഉലമ സി.യു.സി.ബി.സി.എസ്.എസ് എന്നിവയുടെ കോര്‍ പേപ്പറുകളുടെ പരീക്ഷകളുമാണു മാറ്റിവച്ചത്.

പുതുക്കിയ തീയതികള്‍ തീരുമാനിച്ചിട്ടില്ല.പരീക്ഷകള്‍ ഒരു വര്‍ഷം വൈകി നടത്തുന്ന കാലിക്കറ്റ് വാഴ്‌സിറ്റി പുതിയ പരീക്ഷണമാണു വിദ്യാര്‍ഥികള്‍ക്കുമേല്‍ നടത്തുന്നത്. ഉത്തരക്കടലാസുകള്‍ അച്ചടിക്കേണ്ടതു സര്‍വകലാശാലയാണ്. ഇതിനു മുന്‍കുട്ടി കടലാസ് വാങ്ങി കട്ട് ചെയ്ത് സര്‍വകലാശാലയുടെ പ്രസില്‍ തന്നെ തയാറാക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ ഇതില്‍ വീഴ്ച വന്നു. തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള കോളജുകളിലെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പര്‍ അയച്ചുകഴിഞ്ഞു. അവസാന നിമിഷത്തിലാണ് ഉത്തരക്കടലാസ് ഇല്ലെന്നതു മനസിലായത്.ഇതേതുടര്‍ന്ന് പരീക്ഷാമാറ്റിവയ്ക്കാന്‍ കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*