Home » Identity » Guest Writer » യാചകർക്കെതിരെ മലയാളിയുടെ പോലീസിംഗ്

യാചകർക്കെതിരെ മലയാളിയുടെ പോലീസിംഗ്

ഇതു വായിച്ചു കലിതുള്ളി എനിക്കെതിരെ കമന്റു വരും എന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെ മലയാളി എടുത്തു ചാട്ടത്തിന്റെ പുറംപൂച്ചു വലിച്ചു കീറുകയാണ്. ആരും ഷെയർ ചെയ്തില്ലെങ്കിലും പാവങ്ങളോടൊപ്പം നിൽക്കുന്നു.

ചിലപ്പോഴൊക്കെ മനുഷ്യൻ ഒരാൾക്കൂട്ട മനഃശാസ്ത്രത്തിനു അടിമപ്പെട്ടു വൈരനിര്യാദന ബുദ്ധിയോടെ പ്രവർത്തിക്കുന്നത് കാണാൻ കഴിയും. എന്താണ് വസ്തുത എന്നു അന്വോഷിക്കാതെ ഇടപെട്ടു കളയും. പ്രത്യേകിച്ചും നെഗേറ്റിവ് ആയ വിഷയങ്ങളിൽ..!
എന്നാൽ പെട്ടന്ന് ഇടപെടേണ്ട വിഷയങ്ങളിൽ സ്വതസിദ്ധമായ നിസ്സംഗത മലയാളി കൈവിടുകയുമില്ല. അതിനു ഉദാഹരണമാണ് ഫ്ലാറ്റിൽ നിന്നു റോട്ടിലേക്ക് വീണ മനുഷ്യനോട് മലയാളി കാണിച്ച നിസ്സംഗത. നോക്കി നിന്നു പുരുഷ കേസരികൾ!!

ഇനി വിഷയത്തിലേക്ക് വരാം. കുട്ടികളെ തട്ടി കൊണ്ടു പോകുന്നു എന്ന വ്യാപകമായ സോഷ്യൽ മീഡിയ പ്രചാരണം കൊഴുത്തു കൊണ്ടിരിക്കുകയാണ്. ചില സത്യങ്ങൾ അതിൽ ഉണ്ടെങ്കിലും, നിറം പിടിപ്പിച്ച കല്പിത കഥകളും പൊടിപ്പും തൊങ്ങലും വെച്ചു സംവിധാനം ചെയ്യപ്പെടുന്നുണ്ട്. യാചകർക്കെതിരെ വൻ പ്രചാരണം നടക്കുന്നു . ചിലയിടങ്ങളിൽ യാചക നിരോധനം വരെ ഏർപ്പെടുത്തികഴിഞ്ഞു. കള്ളന്മാരും തട്ടിപ്പുകാരും ഉണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ, ആരാലും സംരക്ഷിക്കപ്പെടാതെ, രോഗ പീഡകളാൽ പരീക്ഷിക്കപ്പെട്ടു തെരുവിലേക്ക് വലിച്ചെറിയപ്പെട്ട എത്രയോ ജന്മങ്ങൾ ഉണ്ട്. അന്യരുടെ മുന്നിൽ ദൈന്യപൂർവ്വം കൈ നീട്ടി കിട്ടുന്ന ചില്ലിക്കാശിൽ അന്നത്തെ അന്നത്തിന് വക തേടുന്നവർ..!! ചിക്കൻ തൻഡൂരിയും, ശവായയും കഴിച്ചുറങ്ങുന്ന മലയാളി പൊങ്ങച്ചത്തിന് നടുവിൽ, രണ്ടു ചീന്തു ചപ്പാത്തിയിൽ ഒരു രാത്രി കഴിച്ചു കൂട്ടുന്ന തെരുവിന്റെ വാർധക്യ ങ്ങൾ എത്രയോ ഉണ്ട്. അതിനു അതിരുകളില്ലാത്ത സോഷ്യൽ മീഡിയയിൽ നിന്നിറങ്ങി നാറുന്ന തെരുവിന്റെ നിഴലിടങ്ങളിലേക്കൊന്നു വരണം. അവിടെ നിങ്ങൾക്ക് തെരുവിന്റെ മക്കളെ കാണാം. നിങ്ങൾ ആട്ടിയോടിക്കാൻ ആൾക്കൂട്ടം കൂടുന്ന നിസ്സഹായ ജന്മങ്ങൾ..!!

ഇന്നലെ പൊന്നാനിയിൽ ഒരു വൃദ്ധനെ പത്തിലധികം വരുന്ന പുരുഷ കേസരികൾ തല്ലി ചതച്ചു, ബോധം മറയുവോളം.! ആ പാവം യാചകൻ കുട്ടികളെ തട്ടി കൊണ്ടു പോകാൻ വന്നവനാണ് എന്നു പറഞ്ഞിട്ടായിരുന്നു മർദ്ധനം.! ക്ളോറോഫോമും,മിട്ടായിയും കയ്യിലുണ്ട് എന്നായിരുന്നു പ്രചാരണം. വന്നവർ വന്നവർ അതു ഏറ്റു പിടിച്ചു ആ പാവത്തെ ക്രൂരമായി മർദിച്ചു. പോലീസ് വന്നു അയാളുടെ കയ്യിൽ അങ്ങനെയൊന്നും ഇല്ല എന്നു തെളിഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ഒരു പാവം മനുഷ്യനായിരുന്നു അയാൾ. ആൾക്കൂട്ടം പിരിഞ്ഞു പോയി.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഈ ആൾക്കൂട്ട മനഃശാസ്ത്രം അരങ്ങേറുകയാണ്. വരും ദിവസങ്ങളിൽ അതു വ്യാപകമായി സംഭവിക്കാനാണ് സാധ്യത. ആ വഴിക്കാണ് പ്രചാരണം. ഇനി സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടാൽ നമുക്ക് അയാളെ പോലീസിൽ ഇൻഫോമു ചെയ്തു അവരെ ഏല്പിച്ചു കൂടെ. തല്ലി ചതച്ച ശേഷം പാതി ജീവനോടെ പൊലീസിന് കൊടുത്തിട്ട് അവസാനം നിരപരാധി ആണ് എന്ന് അറിയുമ്പോൾ തല കുനിച്ചു നടന്നു പോകുന്ന നിന്റെ ആ പോകുണ്ടല്ലോ, നിന്റെ അന്നത്തെ അന്നത്തിൽ പോലും ആ നിരപരാധിയുടെ ചോര മണക്കും..!!!

ശെരിയാണ്, തട്ടിപ്പുകാരും, കള്ളന്മാരും യാചക വേഷത്തിൽ ഉണ്ട്. അവരെ തിരിച്ചറിയുകയും നിയമത്തിനു വിട്ട് കൊടുക്കാൻ ജാഗ്രത കാണിക്കുകയും ചെയ്യുക. നിരപരാധികളും, ആലംബമറ്റവരുമായ പാവങ്ങൾക്കെതിരെ സദാചാര പൊലീസിങിന്റെ കൈക്കരുത്തു കാണിക്കരുത്. മുമ്പിൽ വന്നു കൈനീട്ടുന്നവരെ തട്ടിയകറ്റി, തള്ളി വീഴ്ത്തരുത്.. ഇടക്കൊന്നു എ. സി യുടെ കുളിരിൽ നിന്നും, ഫേസ്‌ബുക്കിൽ നിന്നും തെരുവിലേക്കിറങ്ങണം.!! കുഷ്ഠം ബാധിച്ചും, തൊഴിൽ ചെയ്യാൻ കഴിയാതെയും, അംഗ വൈകല്യങ്ങൾ വന്നും നരക ജീവിതം നയിക്കുന്ന ദൈന്യ ജീവിതങ്ങൾ ഉണ്ട്. ഈ പുതിയ പ്രചാര വേലകളിൽ പട്ടിണിയാകുന്നത് ആ വയറുകളാണ്.

യാചക നിരോധം കൊണ്ടു അർഹിക്കുന്ന പലരുമാണ് അവഗണിക്കപ്പെടുക. നിങ്ങൾക്ക് കഴിയുമെങ്കിൽ അവരെ പുനരധിവസിപ്പിക്കാൻ എന്തെങ്കിലും ചെയ്യൂ. നിസ്സഹായരായ ഒരാളും നിങ്ങടെ തെരുവിൽ ഈ നിരോധം കൊണ്ടു പട്ടിണിയാക്കില്ലന്നു ഉറപ്പാക്കൂ. സന്നദ്ധ സംഘടനകളെ കൊണ്ടു അവരെ ഏതെങ്കിലും കെയർ ഹോമിൽ എത്തിക്കാൻ ശ്രമിക്കൂ. എന്നിട് മതി ഈ സോഷ്യൽ മീഡിയ യുദ്ധം.!!

നിങ്ങളുടെ കുട്ടിയെ ഓർത്തണല്ലോ ഈ പടപുറപ്പാട്. സുഹൃത്തേ അതു പോലെ ആയിരക്കണക്കിന് തന്തയില്ലാത്ത ചെറു ബാല്യങ്ങൾ തെരുവിൽ ഉണ്ട്. പോപ്കോൻ കൊറിച്ചു കൊച്ചു ടീവി കണ്ടിരിക്കാതെ നാറുന്ന കാനകൾക്കുകൾക്കു മുകളിൽ വലിച്ചു കെട്ടിയ സാരിക്കുടിലുകളിൽ..!! അതു കൊണ്ടു ‘കുട്ടികളെ തട്ടി കൊണ്ടു പോകുന്ന യാചകർ’ എന്ന സാമാന്യ വത്കരണം അതിരു കടക്കാതിരിക്കട്ടെ.

-ബശീർ ഫൈസി ദേശമംഗലം

Share:
  • 32
    Shares

One comment

  1. യാചക നിരോധനം അല്ലാ… യാചകർക്ക്‌ ഒരു രൂപ പോലും കൊടുക്കാതിരിക്കുക… പകരം ഭക്ഷണം വാങ്ങി നൽകുക… അല്ലാതെ ഇതേപോലെ പോസ്റ്റ് ഉണ്ടാക്കി ഇട്ടു ഇനിയും ഗോവിന്ദച്ചാമിമാരെ ഉണ്ടാക്കാതിരിക്കുക….

Leave a Reply

Your email address will not be published. Required fields are marked *

*