Home » Identity » എങ്ങനെയാ കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാവാതിരിക്കുക; ഒരു യാത്രക്കാരന്റെ അനുഭവ കുറിപ്പ്

എങ്ങനെയാ കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാവാതിരിക്കുക; ഒരു യാത്രക്കാരന്റെ അനുഭവ കുറിപ്പ്

കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ കൊടുക്കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചു എന്നതാണ് ഒരു പ്രധാന വാര്‍ത്ത. ഈ ഡിസംബറില്‍ മാത്രം ഏതാണ്ട് രണ്ടായിരം രൂപ ടിക്കറ്റിനത്തില്‍ കെ.എസ്. ആര്‍.ടി.സിക്ക് കൊടുത്ത ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ചില അനുഭവ ചിത്രങ്ങള്‍ പറയട്ടെ.

സീന്‍ ഒന്ന്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രി ഏതെങ്കിലും ലോ ഫ്ലോര്‍ ബസില്‍ ടിക്കറ്റ് കിട്ടാന്‍ വേണ്ടി രാവിലെ സൈറ്റില്‍ കയറി നോക്കി. ടിക്കറ്റെല്ലാം വിറ്റുപോയിരിക്കുന്നു.

സീന്‍ രണ്ട്. അന്നേ ദിവസം ഉച്ചക്ക് ബാലരാമപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരു എ.സി. ലോഫ്ലോര്‍ മുന്നില്‍ വന്നു നിന്നു. ഉള്ളില്‍ ആകെ രണ്ടു യാത്രക്കാര്‍ മാത്രം. മൂന്നാമനായി ഞാനും കയറി. ഇടക്ക് രണ്ടു പേരും ഇറങ്ങി. പിന്നെയുള്ള ആറേഴു കിലോമീറ്റര്‍ ദൂരം എനിക്ക് വേണ്ടി മാത്രം ഒരു ബസ് ഓടുന്നു.

സീന്‍ മൂന്ന്. അന്ന് രാത്രി പത്ത് മണി. തൃശൂര്‍ സ്റ്റാന്റില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് ബസിനുള്ള ആളുകള്‍ കാത്ത് നില്‍ക്കുന്നു. തിരുവനന്തപുരത്തേക്കും അത്രയും ആളുകള്‍ കാത്തു നില്‍ക്കുന്നു. വരുന്ന ബസുകളെല്ലാം ഫുള്‍. അഡീഷനലായി ഒരു ബസ് ഇട്ടു കൊടുക്കാന്‍ ഒരു സംവിധാനവുമില്ല. മൂന്നു പേര്‍ക്ക് വേണ്ടി ഒരു ബസ് ഓടിയാലും, നൂറു പേര്‍ക്ക് വേണ്ടി ഒരു ബസിടാന്‍ പാടില്ല.

സീന്‍ നാല്. പുലര്‍ച്ചെ കന്യാകുമാരിയിലേക്കുള്ള ബസ്. വഴിയില്‍ വച്ച് ടിക്കറ്റ് ഇന്‍സ്പെക്ടര്‍മാര്‍ കയറുന്നു. എല്ലാവരുടെയും ടിക്കറ്റുകള്‍ നോക്കി, ഒരു വൃദ്ധന്റെ കയ്യില്‍ ടിക്കറ്റ് കാണുന്നില്ല. അദ്ദേഹം ടിക്കറ്റെടുത്തിട്ടുണ്ടെന്ന് തറപ്പിച്ചു പറയുന്നു. അടുത്തിരിക്കുന്ന യാത്രക്കാരന്‍ അതിന് സാക്ഷിയും പറഞ്ഞു. കണ്ടക്ടര്‍ക്കും ഓര്‍മയുണ്ട് ടിക്കറ്റ് കൊടുത്തത്. പക്ഷെ എന്തു ചെയ്യാന്‍, ടിക്കറ്റ് കാണുന്നില്ല. ഞാനിറങ്ങുന്നത് വരെയും അവര്‍ അയാളെ വിട്ടില്ല. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനാണ്. അങ്ങനെയൊരു ടിക്കറ്റ് കൊടുത്തിട്ടുണ്ടോയെന്ന് അതില്‍ നോക്കിയാല്‍ അറിയാം…എന്തു ചെയ്യാന്‍? ആ മനുഷ്യന്‍ ഈ ജന്‍മത്തില്‍ ഇനി കെ.എസ്.ആര്‍.ടി.സിയില്‍ കയറില്ല എന്നുറപ്പ്.

സീന്‍ അഞ്ച്. രാവിലെത്തന്നെ ടയര്‍ പഞ്ചര്‍. ഒരു വിധം ബസ് സൈഡാക്കി യാത്രക്കാരെ വേറൊരു ബസില്‍ കയറ്റി വിട്ടു. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങി വരുമ്പോഴും ബസ് അവിടെത്തന്നെയുണ്ട്. പത്തോ ഇരുപതോ കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വലിയൊരു സര്‍വീസ് ബസ് വന്ന് എപ്പോഴെങ്കിലും ടയര്‍ മാറ്റി അത് പോയിക്കാണും. എത്ര ട്രിപ്പ്‌ കട്ടായി എന്നൊന്നും ചോദിക്കരുത്. ഓരോ ബസിലും ഓരോ സ്റ്റെപ്പിനി സൂക്ഷിക്കുകയും (അങ്ങനെയുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും പുതിയ ഓരോ ബസ് വാങ്ങുമ്പോഴും ഒരു സ്റ്റെപ്പിനി ടയര്‍ കിട്ടേണ്ടതാണ്), അത്യാവശ്യം ഒരു ടയര്‍ മാറ്റാന്‍ ഡ്രൈവര്‍മാരെ പഠിപ്പിക്കുകയും ചെയ്‌താല്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. അതല്ലെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു നൂറു രൂപ കൊടുത്ത് ഒരു സ്വകാര്യ മെക്കാനിക്കിനെക്കൊണ്ട് ടയര്‍ മാറ്റിക്കാനുള്ള അധികാരം ബസ് ജീവനക്കാര്‍ക്ക് കൊടുക്കാം. അതുമല്ലെങ്കില്‍, ഒരു ടയര്‍ മാറ്റാനായി വലിയൊരു ബസ് ഓടിച്ചു വരുന്നതൊഴിവാക്കി അത്യാവശ്യം ടൂള്‍സുമായി ഒരു ടുവീലറില്‍ ഒരു മെക്കാനിക്കിനെ വിടാം.

സീന്‍ ആറ്. രാത്രി ഏഴു മണി. രാമനാട്ടുകരയില്‍ നിന്ന് തൃശൂരിലേക്കുള്ള ബസില്‍ കയറിയ ഒരാളെ, അയാള്‍ക്കിറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ഇറക്കി വിടുന്നു. മുപ്പത് രൂപയിലേറെ ചാര്‍ജുള്ള ഒരു ടിക്കറ്റിനു വേണ്ടി രാത്രിയെങ്കിലും ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ വല്ല നഷ്ടവും വരുമോ.

സീന്‍ ഏഴ്. താമരശ്ശേരിയില്‍ കല്‍പ്പറ്റയിലേക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍, മാനന്തവാടി ബോര്‍ഡ് വച്ച രണ്ട് ബസുകള്‍ ഒരുമിച്ചു വന്നു നിന്നു. ഒന്നില്‍ ബോര്‍ഡില്‍ കല്‍പ്പറ്റ എന്നുണ്ട്. തിരക്ക് കുറഞ്ഞ മറ്റേ ബസില്‍ ബോര്‍ഡില്‍ കല്‍പ്പറ്റ എന്നില്ല. കല്പറ്റ വഴിയാണോ എന്ന് കണ്ടക്ടറോട് ചോദിച്ചുറപ്പാക്കി അതില്‍ കയറി. (ബോര്‍ഡ് വച്ചാല്‍ ആരെങ്കിലുമൊക്കെ കയറിയാലോ)

സീന്‍ എട്ട്. ഇതേ ബസുകള്‍ തുടര്‍ന്നങ്ങോട്ട് രണ്ടും മത്സരിച്ചോട്ടം. ഒരു സ്റ്റോപ്പിലും നിര്‍ത്തുന്നില്ല. ആരെങ്കിലും ഇറങ്ങാനുണ്ടെങ്കില്‍ സ്റ്റോപ്പില്‍ നിന്ന് അല്പം മാറി നിര്‍ത്തുന്നു. അപ്പോള്‍ പിന്നിലുള്ള ബസ് അതിനെ ഓവര്‍ടേക്ക് ചെയ്തു പോകുന്നു. കല്‍പ്പറ്റ എത്തും വരെ ഇതേ ചിത്രം. ചുരമൊക്കെ വീശിയൊടിക്കുന്നത് കണ്ട് എനിക്ക് അപ്പോള്‍ത്തന്നെ ഡ്രൈവര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കാന്‍ തോന്നി. ഒരു ബസ് അഞ്ചു മിനിറ്റ് സ്ലോ ആക്കിയാല്‍ രണ്ടിലും നിറയെ ആള്‍ക്കാരെ കിട്ടും.

സീന്‍ ഒമ്പത്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ബസ് കാത്തു നില്‍ക്കുന്നു. പത്ത് മിനിറ്റിനകം ഒരു നാല് ബസെങ്കിലും വന്നത്, മുന്നില്‍ മാര്‍ക്കര്‍ പെന്‍ കൊണ്ടെഴുതിയ, സാധാരണ കാഴ്ച കൊണ്ട് ആര്‍ക്കും കാണാനാവാത്ത ബോര്‍ഡുകളുമായിട്ടാണ്. ബോര്‍ഡ് കണ്ടാല്‍ ആരെങ്കിലും കയറിപ്പോയാലോ?!

സീന്‍ പത്ത്. ഇന്നലെ രാത്രി, നെയ്യാറ്റിന്‍കരയില്‍ നിന്ന് വരുന്ന ലോഫ്ലോര്‍ ബസ്, കഷ്ടപ്പെട്ട് പാപ്പനംകോട് ഡിപ്പോയില്‍ കയറ്റുന്നു, ഗെയ്റ്റിലുള്ള സെക്യൂരിറ്റിക്ക് ഡ്രൈവര്‍ എന്തോ ഒരു പേപ്പര്‍ കൈമാറിയ ശേഷം ഡിപ്പോയുടെ ഉള്ളില്‍പ്പോയി കഷ്ടപ്പെട്ട് തിരിച്ച് റോഡിലേക്ക് തന്നെ വരുന്നു. അഞ്ചു മിനിറ്റ് സമയവും, അര ലിറ്റര്‍ ഡീസലുമെങ്കിലും ചെലവുണ്ടാകും ഈ അഭ്യാസത്തിന്. ഒരു കടലാസ് കൊടുക്കാന്‍ മാത്രം എത്ര ബസുകള്‍ ദിവസവും ഇങ്ങനെ കയറുന്നുണ്ടാവും. പുറത്ത് റോഡില്‍ ആ സെക്യൂരിറ്റിക്ക് ഒരു ക്യാബിന്‍ ഉണ്ടാക്കിയാല്‍ തീരാവുന്നതെയുള്ളൂ പ്രശനം.

അനുബന്ധം: ഇന്നു രാവിലെ കോഴിക്കോട് നിന്ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടിന്റെ ബസില്‍ ഫറോക്കില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് കയറി. വലിയ സ്റ്റോപ്പുകളിലൊക്കെ നിര്‍ത്തി ആളെ കയറ്റുന്നുണ്ട്. അധികവും സ്ഥിര യാത്രക്കാരാണെന്ന് തോന്നുന്നു. മലയാളവും തമിഴും ചേര്‍ത്ത് കണ്ടക്ടര്‍ എല്ലാവരോടും കുശലാന്വേഷണം നടത്തുന്നുണ്ട്. എല്ലാവരെയും ഉള്ള സീറ്റുകളില്‍ ഇരുത്താനും ശ്രമിക്കുന്നു. ഇടക്ക് ഒരു സ്റ്റോപ്പില്‍ നിന്ന് ഒരു സ്ത്രീ കൈ കാട്ടിയത് ഡ്രൈവര്‍ കാണാഞ്ഞത് കൊണ്ടാവും അല്പം മുന്നോട്ട് പോയാണ് നിര്‍ത്തിയത്. ഉടന്‍ കണ്ടക്ടര്‍ പുറത്തിറങ്ങി അവരെ വിളിച്ചു കയറ്റി. “സോറി, ഞാനും ശ്രദ്ധിച്ചില്ല കെട്ടോ” എന്ന ക്ഷമാപണവും. ബസില്‍ കയറിയ അവര്‍ക്ക് സീറ്റൊന്നുമില്ലാഞ്ഞപ്പോള്‍ കണ്ടക്ടറുടെ സീറ്റ് ഒഴിഞ്ഞു കൊടുത്തു. ഓരോ യാത്രക്കാരനോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അയാളുടെ പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

വാല്‍: തലക്കെട്ട്‌ ഒരു നമ്പൂതിരി ഫലിതമാണെന്നാണ് ഓര്‍മ. കേടു വന്ന ബസിനെ മറ്റൊരു ബസ് കെട്ടി വലിക്കുന്നത് കണ്ട് നമ്പൂതിരി പറഞ്ഞത്രേ, “എങ്ങനെയാ കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാവാതിരിക്കുക, ഒരു കഷ്ണം കയറു കൊണ്ടുപോകാനല്ലേ രണ്ട് ബസുകള്‍ ഓടുന്നത്”!!!

 

ചിത്രം കടപ്പാട്: ശബരി ഫോട്ടോഗ്രാഫി

Share:
  • 40
    Shares

Leave a Reply

Your email address will not be published. Required fields are marked *

*